സ് ഫുടം അബ്ദുള്‍ പുന്നയൂര്‍ക്കുളം
അച്ഛന്റെ ആത്മ സുഹൃത്ത്, സുകുമാരന്‍ ചേട്ടന്‍ അച്ഛനെ പതിറ്റാണ്ട് മുമ്പുപേക്ഷിച്ച അമ്മയുടെ അടുത്തു വന്നു എന്നോടായി പറഞ്ഞു. “മോനെ, അച്ഛന്‍ നമ്മെ വിട്ടുപിരിഞ്ഞുപോയി അച്ഛനെ സ്ഫുടം ചെയ്യുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അച്ഛനെ പൊതുശ്മശാനത്തിലേക്ക് കൊണ്ടുവരുമുമ്പ് നമുക്കവിടെ എത്തണം” സുകുമാരന്‍ ചേട്ടന്റെ സ്വരത്തില്‍ ധൃതിയുണ്ടായിരുന്നു.
അപ്പോള്‍ അമ്മയുടെ മുഖത്തെ ഭാവപ്പകര്‍ച്ച ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
സുകുമാരന്‍ ചേട്ടനെ ഞാന്‍ അനുഗമിക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ തറയില്‍ തറച്ചിരുന്നു.
രണ്ടു വര്‍ഷം മുമ്പ് അച്ഛന്റെ വിസ്താരമേറിയ പറമ്പും പത്തായപ്പുരയും ഏക മകനായ തനിയ്ക്ക് എഴുതിവച്ചു ബാക്കി സ്വത്തുക്കള്‍ അച്ഛന്‍ പാര്‍ട്ടിക്ക് ദാനം ചെയ്തശേഷമാണ് അമ്മയുടെ കോപം ഇത്ര രൂക്ഷമാകുന്നത്.
അതുവരെ വല്ലപ്പോഴും മാളിക വീട്ടില്‍ വരുന്ന യാചകനെപ്പോലെ അച്ഛന്‍ അമ്മയുടെ പടിപ്പുരയില്‍ കാത്തുനില്‍ക്കും, സ്വന്തം മകനെ കാണാന്‍.
വേലക്കാരുടെ അകമ്പടിയോടെ വരുന്ന തന്റെ ചെമ്പന്മുടിയില്‍ അച്ഛന്‍ തലോടി നിര്‍വൃതിയടയുമ്പോഴാണ് അമ്മയുടെ ഉച്ചത്തിലുള്ള വിളി. അപ്പോള്‍ തന്നെ മാറോട് ചേര്‍ത്തുപിടിച്ചിരുന്ന അച്ഛന്റെ നെഞ്ചിടിപ്പിന്റെ വേഗത കേള്‍ക്കാം. അപ്പോഴും അച്ഛന്റെ മുഷിഞ്ഞ കുപ്പായത്തില്‍ നിന്നുതിരുന്ന വിയര്‍പ്പിന്റെ ഗന്ധം നുകര്‍ന്നു മതിയായിട്ടുണ്ടാവില്ല.
പാര്‍ട്ടി ആപ്പീസില്‍ സ്വന്തം ആരോഗ്യം വകവയ്ക്കാതെ കാലം കഴിക്കുന്ന അച്ഛന് വിശേഷ ദിവസങ്ങളില്‍ ഇളയ പെങ്ങള്‍ കൊടുത്തയ്ക്കുന്ന മധുരപലഹാരങ്ങളോ പുത്തന്‍ വസ്ത്രങ്ങളോ ആയിരിക്കും ഒരു വ്യത്യാസം. പാര്‍ട്ടിക്ക് സ്വത്ത് കൈമാറിയ ശേഷം അച്ഛന്‍ ഒരിക്കലും അമ്മയുടെ വീട്ടില്‍ വന്നിട്ടില്ല സ്ക്കൂളില്‍ വന്നു തന്നെ കാണുന്നതല്ലാതെ, സുകുമാരന്‍ ചേട്ടന്‍ പറഞ്ഞുകേട്ടിട്ടുണ്ട്; “ വിവാഹം കാലില്‍ വീണ ഒരു കനത്ത ചങ്ങലയായിത്തീരാന്‍ അച്ഛനൊരിക്കലും ആഗ്രഹിക്കുന്നില്ല; അച്ഛന്‍ തന്നെ ജനങ്ങളുടെ ക്ലേശമകറ്റാന്‍ അഹോരാത്രം ശ്രമിക്കുന്ന ആളാണ്.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് അച്ഛന് മനസ്സിലാകുന്നത് തങ്ങളിലുള്ള ആശയവൈരുദ്ധ്യങ്ങള്‍. അച്ഛന്‍ പാര്‍ട്ടിയെപ്പറ്റി വാ തോരാതെ സംസാരിക്കുമ്പോള്‍ അമ്മ ചഞ്ചല മോഹങ്ങളെപ്പറ്റിയും ഉദരത്തില്‍ വളരുന്ന ശിശുവിനെപ്പറ്റിയും വാചാലമാകും.
അച്ഛന് പാര്‍ട്ടി ഭ്രമമേറിയപ്പോള്‍ അമ്മ മുറുമുറുപ്പോടെ സ്വന്തം വീട്ടിലേക്കു താമസം മാറ്റി.
അമ്മയുടെ വീട്ടുകാര്‍ അമ്മയെ അച്ഛന്റെ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അമ്മയുടെ ക്രോധം ആളിക്കത്തി, ഞാന്‍ പോണില്ല, അയാള്‍ കല്ല്യാണം കഴിച്ചിരിക്കുന്നത് പാര്‍ട്ടിയെയാണ്, എന്നെയല്ല അമ്മയുടെ ശോണിമ കലര്‍ന്ന ഇളം കവിളിലൂടെ ദുഖം കണ്ണീരായി ഒഴുകി, മൂക്ക് ചീറ്റിക്കൊണ്ട് അമ്മ അലറി, ഇങ്ങനെ പാര്‍ട്ടി ഭ്രാന്തുള്ള ഒരാള ഒരിക്കലും ഒരു പെണ്ണ് കെട്ടരുതായിരുന്നും”
അമ്മയുടെ സങ്കുചിതത്വത്തിലും അച്ഛന്റെ നിസ്സഹായതയിലും പെട്ട് ഞെരുങ്ങുന്ന ഒരു പുഴുവായി തോന്നി താന്‍.
രാണ്ടാഴ്ച മുമ്പ് സുകുമാരന്‍ ചേട്ടന്‍ വന്നു മ്ലാനവദനത്തോടെ പറഞ്ഞു “ അച്ഛന് കരളിന് അസുഖം ഏറെയായി ആശുപത്രിയില്‍ കിടക്കുകയാണ് മകനെ ഒന്ന് കാണണം അച്ഛനെതിരെ യന്ത്രം പോലെ ചലിക്കുന്ന അമ്മയുടെ മൂര്‍ച്ചയുള്ള നാവ് പെട്ടെന്ന് നിലച്ചതുപോലെ.
ആശുപത്രി മുറി പാര്‍ട്ടിപ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. അച്ഛന്‍ നന്നേ ശോഷിച്ചു കവിളൊട്ടി, താടിയില്‍ വെള്ളിനൂലുകള്‍
പ്രത്യക്ഷപ്പെട്ടിരുന്നു. കണ്ണില്‍ തിളങ്ങിയിരുന്ന പ്രകാശരേണുക്കള്‍ കണ്ടിരുന്നില്ല!
യാത്ര പറയുമ്പോള്‍ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു, എന്തെയും അന്നേരം അച്ഛന്‍ എന്റെ നേരെ അനുഗ്രഹാശിസുകള്‍ നേരാനെന്നോണം വളരെ പ്രയാസപ്പെട്ട് കൈയുയര്‍ത്തിയിരുന്നു.
അച്ഛനെ വീണ്ടും കാണാനുള്ള ഉത്ക്കടദാഹം അമ്മയെ ധരിപ്പിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല! അപ്പോഴും അമ്മയുടെ ദുര്‍വ്വാശിയുടെ തീക്ഷണത ശമിച്ചിരുന്നില്ല.
പൊതുശ്മശാനത്തില്‍ അച്ഛന്റെ ശവസംസക്കാരത്തില്‍ പങ്കെടുക്കാന്‍ ധാരാളം പേര്‍ വന്നിരുന്നു. പലരേയും സുകുമാരന്‍ ചേട്ടന്‍ എന്നെ പരിചയപ്പെടുത്തി. പലരും അന്തിമോപചാരമര്‍പ്പിക്കാന്‍ അക്ഷമരായി നിന്നിരുന്നു. ചിലര്‍ അഛനെ വഹിച്ച വാന്‍ വരാന്‍ വൈകുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. എങ്കിലും ഗതാഗതകുരുക്കില്‍പ്പെട്ട വാന്‍ വൈകാതെ എത്തിച്ചേര്‍ന്നു.
രാമച്ചംകൊണ്ട് സജ്ജമാക്കിയ ശവമഞ്ചത്തില്‍ സുഹൃത്തുക്കളും സഖാക്കളുകൂടി അച്ഛനെ മെല്ലെ കിടത്തി, ചെമന്ന പട്ടിന്‍പതാക ഭവ്യതയോടെ പുതപ്പിച്ചു. ചുറ്റും ആരാധനയോടെ റീത്തുകള്‍ അര്‍പ്പിച്ചു.
സ്വന്തം വിശ്വാസങ്ങള്‍ ആര്‍ക്കും അടിയറവയ്ക്കാതെ, സത്യത്തിനും സമൂഹത്തിനുംവേണ്ടി അവസാന
ശ്വാസംവരെ പൊരുതിയ ആ വിലോല മനസ്സിന്റെ മേല്‍ അച്ഛന്റെ ഇഷ്ടപ്പെടുന്ന കടും ചുവപ്പു നിറമുള്ള റോസാപ്പൂ സജലമായ കണ്ണുകളോടെ വിറയ്ക്കുന്ന കൈകളോടെ ഞാനും സമര്‍പ്പിച്ചു. അപ്പോളും അച്ഛന്റെ ചുണ്ടുകളിലെ ചെറു പുഞ്ചിരി മാഞ്ഞിരുന്നില്ല ശ്മ്ശ്രു ശകലങ്ങള്‍ നിറഞ്ഞ മുഖം കരിവാളിച്ചിരുന്നു അപ്പോള്‍ അ വ്യക്തിപ്രഭാവന്റെ കുറ്റിരോമങ്ങളുടെ സ്പര്‍ശനസുഖം ഒന്നു ക്കൂടി അനുഭവിക്കാന്‍ കവിളില്‍ ഒരുമ്മ കൊടുത്തു.
ഇന്നലയെന്നപോലെ അല്പം അഹങ്കാരത്തോടെ ആ സഹൃദയനുമായി ഹൃദയം പങ്കുവെയ്ക്കുമ്പോള്‍ ആ മനുഷ്യസ്നേഹി ഇത്ര പെട്ടെന്ന് തന്നെ വിട്ടിപോകുമെന്ന് സ്വപ്നേപി നിനച്ചിരുന്നില്ല.
ചിതയ്ക്ക തീ കൊളുത്താന്‍ സുകുമാരന്‍ ചേട്ടന്‍ എന്നെ സഹായിച്ചു. ചിതയെരിയുമ്പോള്‍ അനാഥത്വത്തിന്റെയും വേര്‍പാടിന്റെയും വൃഥ എന്റെ ഉള്ളില്‍ ജ്വലിച്ചുകൊണ്ടേയിരുന്നു.
ധൂമപടലങ്ങള്‍ അലിഞ്ഞുചേരുന്ന അന്തരീക്ഷത്തില്‍ ആ വിശാല ഹൃദയന്റെ ശരീരത്തിലെ വിയര്‍പ്പിന്‍ മണം ആസ്വദിക്കാനെന്നോണം എന്റെ മൂക്കു വിടര്‍ന്നിരുന്നു.
സുകുമാരന്‍ ചേട്ടന്‍ ഓര്‍മ്മപ്പെടുത്തി, “ വരൂ നമുക്ക് നാളെ വന്നു അസ്ഥിയും ഭസ്മവും ശേഖരിക്കാം”.
പിറ്റേ ദിവസവും സുകുമാരന്‍ ചേട്ടനെ അനുഗമിച്ചു.
ശ്മശാനത്തില്‍ വേറെയും പല ശവദാഹങ്ങള്‍ നടന്നിരുന്നു. അവിടവിടെ തടിച്ചുകൂടിയ ജനസഞ്ചയം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ,മുഖമൊന്നു കാണാന്‍ , കന്നാലിക്കൂട്ടങ്ങള്‍ പോലെ അച്ഛനെ സ്ഫുടം ചെയ്തിടത്ത് ചവുട്ടി അശ്രദ്ധയോടെ കടന്നുപൊവുമ്പോള്‍ അസ്ഥിശകലങ്ങള്‍ ചിതറി ചിതാഭസ്മം കാറ്റില്‍ പറന്നിരുന്നു.
സുകുമാരന്‍ ചേട്ടന് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. “എന്തൊരുന്‍ ശോച്യവസ്ഥയാണിത് ഉറ്റവര്‍ക്ക് സഞ്ചയത്തിനുപോലും അസ്ഥികള്‍ പെറുക്കാന്‍ ഈ മുനിസിപ്പലിറ്റി ഒരു സംവിധാനവും ചെയ്തുകൊടുക്കുന്നില്ല.
സുകുമാരന്‍ ചേട്ടന്‍ പിന്നേയും സിറ്റിയുടേ അനാസ്ഥകളെപ്പറ്റിയും വരണ്ടുപോകുന്ന ജനങ്ങളുടെ അനുകമ്പയില്ലായ്മയെപ്പറ്റിയും ആരോടെന്നില്ലാതെ പരാതിപ്പെട്ടിരുന്നു......
അച്ഛന്‍ സ്നേഹിച്ച അച്ഛന്റെ നാട്ടുകാര്‍ക്ക് മാപ്പ് കൊടുക്കേണമേ എന്നെന്റെ മനസ്സ് മന്ത്രിച്ചിരുന്നു.
തിരിച്ചുപോരുമ്പോള്‍മണ്‍ കലത്തില്‍ മണ്ണുകലര്‍ന്ന ചിതാഭസ്മം ഒരു നിധിപോലെ ശേഖരിച്ചിരുന്നു.
അബ്ദുള്‍ പുന്നയൂര്‍ക്കുളം.