പുന്നയൂര്‍ക്കുളം

ഇന്റര്‍നെറ്റു വലയില്‍, ‘ബ്ലോഗെന്നു‘ കേട്ടപ്പൊ എന്റെ നാടിനും ഒരു ബ്ലോഗായാലെന്താ എന്നു തോന്നി..കുറച്ചു വിശേഷങ്ങള്‍ നാട്ടാരുമായി പങ്കുവെക്കാനായാലോ?!

2007, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

എഴുതാത്ത(?) സുലോചന

ഡോ.നാലപ്പാട്ട് സുലോചന വി.എം. നായരുടെയും ബാലാമണിയമ്മയുടെയും ഏഴുതാത്ത മകളായിട്ടാണ് അടുത്തകാലം വരെ അറിയപ്പെട്ടിരുന്നത്. സുലോചന സ്വയം അങ്ങനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. മദര്‍ തെരേസ മരിച്ചതില്‍ പിന്നെ കൊല്‍ക്കത്തയില്‍ ചെന്ന ഡോ. സുലോചന പരിചയപ്പെടുത്തിയത് എഴുതാത്ത സുലോചനയായാണ്.

"" ബുദ്ധിതന്‍ കടിഞ്ഞാണമെപ്പോഴും നുറുങ്ങിപ്പോ
മുദ്ധത ജീവന്‍ തന്‍റേതാം കുളമ്പിന്‍ കുതിയേല്‍ക്കെ''

എന്ന അക്കിത്തത്തിന്‍റെ വരികളെ അന്വര്‍ത്ഥമാക്കുമാറ് സുലോചനയും എഴുതിത്തുടങ്ങി. എഴുത്തിലൂടെയവര്‍ പൊടുന്നനെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. കൈതപ്പൂവിന്‍റെ സൗരഭം എത്രകാലം മൂടിവെക്കാനാവും. നാലപ്പാട്ട് കുടുംബത്തില്‍ അന്തര്‍ലീനമായ സാഹിത്യചോദനയുടെസ്രോതസ്സു സുലോചനയുടെ വിരല്‍ത്തുമ്പിലും ഉറവകള്‍ കണ്ടെത്തി.

നാലപ്പാടന്‍ പെരുമ

"കണ്ണുനീര്‍ത്തുള്ളി'യുടെയും രതിസാമ്രാജ്യത്തിന്‍റെയും കര്‍ത്താവെന്ന നിലയില്‍ പ്രശസ്തനായ നാലപ്പാട്ട് നാരായണമേനോന്‍റെയും ബാലാമണിയമ്മയുടെയും പിന്തുടര്‍ച്ചക്കാരിയായി മാധവിക്കുട്ടി വന്നപ്പോള്‍ ഡോ. സുലോചന വ്യാപരിച്ച മണ്ഡലങ്ങള്‍ വേറെയായിരുന്നു.

ആതുരശുശ്രൂഷാ രംഗവും, തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചമാക്കാനുള്ള ഔത്സുക്യവും ഡോ. സുലോചനയെ നിശ്ശബ്ദമായൊരു സാമൂഹികമാറ്റത്തിന്‍റെ ചാലകശക്തിയാക്കുകയായിരുന്നു.

നാലപ്പാടന്‍ രചനയുടെ പെരുമ ഡോ. സുലോചനയിലും തീരുന്നില്ല. മകള്‍ അനുരാധ ശ്രദ്ധേയയായ ചിത്രകാരിയും ഇപ്പോള്‍ എഴുത്തുകാരിയുമാണ്. ആര്‍ക്കിടെക്റ്റായ മകന്‍ അരുണ്‍ ആധുനിക കെട്ടിടനിര്‍മ്മാണ വിദ്യയെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതാറുണ്ട്. മകള്‍ അനുപമയും എഴുത്തിന്‍റെ രംഗത്തു തന്നെ.

അറിയപ്പെടാതിരിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവ്. സി. കെ. ഉണ്ണികൃഷ്ണന്‍ നായര്‍ ടാറ്റാ ടീയുടെ ഡപ്യൂട്ടി ജനറല്‍ മാനേജരായാണ് ഉദ്യോഗത്തില്‍ നിന്ന് വിരമിക്കുന്നത്. കൃതഹസ്തനായ ശില്പിയാണ് അദ്ദേഹം.പാഴ്വസ്തുക്കളില്‍ നിന്നും ഇന്ദ്രജാലം സാധിക്കുന്ന ശില്പവൈഭവമാണാ കൈകളില്‍. ഓലക്കീറില്‍ നിന്നും പിടയ്ക്കുന്ന പക്ഷികളും ആടും ആനയുമെല്ലാം സ്വന്തം അങ്കണത്തേയും അകങ്ങളെയും അലങ്കരിക്കുന്നതാണ് "ഉണ്ണി'ക്കിഷ്ടം.


വെബ് ദുനിയയില്‍ നിന്നും..

ബ്ലോഗ് ആര്‍ക്കൈവ്